പരവൂർ: വിദേശ വിനോദസഞ്ചാരികൾക്കായി റെയിൽവേ അനുവദിച്ചിട്ടുള്ള പ്രത്യേക ക്വോട്ട (ഫോറിൻ ടൂറിസ്റ്റ് ക്വോട്ട) ടിക്കറ്റുകളിൽ വൻ ക്രമക്കേടും ദുരുപയോഗവും. ഇത്തരത്തിൽ ടിക്കറ്റ് തരപ്പെടുത്തി ട്രെയിൻ യാത്ര ചെയ്യുന്നവർക്കെതിരേ റെയിൽവേ നടപടി ശക്തമാക്കി.
മതിയായ രേഖകളില്ലാതെ ഈ ക്വോട്ടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത 39 കേസുകളിലായി 121 യാത്രക്കാരെ ഇതിനകം അധികൃതർ പിടികൂടി. ഇവരിൽ നിന്നായി 3.56 ലക്ഷം രൂപ പിഴ ഈടാക്കിയതായി റെയിൽവേ മന്ത്രാലയം അധികൃതർ അറിയിച്ചു.
ഫെബ്രുവരിയിൽ സംഘമിത്ര എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. വിദേശികൾക്കുള്ള ടിക്കറ്റിൽ ഇന്ത്യൻ യാത്രക്കാർ സഞ്ചരിക്കുന്നതു കണ്ടെത്തിയതോടെ ഭാവിയിലേക്കുള്ള ബുക്കിംഗുകളിൽ റെയിൽവേ വിശദമായ പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 24-നും ജൂൺ 11-നും ഇടയിൽ 31 ട്രെയിനുകളിലായി നടന്ന ബുക്കിംഗുകൾ പരിശോധിച്ചപ്പോഴാണു വ്യാപക ക്രമക്കേട് പുറത്തുവന്നത്.
ടിക്കറ്റ് ബുക്കിംഗിൽ ഏതെങ്കിലും ഏജന്റുമാർക്കു പങ്കുണ്ടോ എന്ന് കണ്ടെത്താൻ റെയിൽവേ ഐആർസിടിസിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. വിദേശികൾക്കായി റിസർവ് ചെയ്ത ബർത്തുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ ഉടൻ തന്നെ ഒഴിവാക്കി ആ സീറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് നൽകാനാണ് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ നൽകിയിട്ടുള്ള നിർദേശം.
നിബന്ധനകൾ ഇങ്ങനെ:
വിദേശ ടൂറിസ്റ്റ് ക്വോട്ട പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാൻ വിദേശികൾക്കും പ്രവാസി ഇന്ത്യക്കാർക്കും (എൻആർഐ) മാത്രമേ അനുവാദമുള്ളൂ. ബുക്കിംഗ് സമയത്ത് സാധുവായ പാസ്പോർട്ട് വിവരങ്ങളും അന്താരാഷ്ട്ര മൊബൈൽ നമ്പറും നൽകണം. സാധാരണ നിരക്കിന് പുറമേ 200 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി നൽകേണ്ടതുണ്ട്.
അനർഹമായ ക്വോട്ടയിൽ ടിക്കറ്റ് എടുക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും യാത്രക്കാർ നിർബന്ധമായും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്നും റെയിൽവേ ഓർമിപ്പിച്ചു. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 139 എന്ന ഹെൽപ്പ് ലൈൻ വഴിയോ റെയിൽ മദദ് ആപ്പ് വഴിയോ പരാതിപ്പെടാം.